2012, ജനുവരി 31, ചൊവ്വാഴ്ച

"എന്റെ ദൈവം മരിച്ച ദിവസം"....


Andrew Levin സംവിധാനം ചെയ്ത The Day My God Died എന്ന ഡോക്യുമെന്‍ററി സിനിമയുടെ ഒരു റിവ്യു ഈയടുത്ത കാലത്ത് വായിക്കുകയുണ്ടായി. ലോകത്തിലെ ഏറ്റവും ഹീനമായ പ്രവര്‍ത്തികളിലോന്നായ  ബാല വേശ്യാ വൃത്തിയുടെ കഥ പറയുന്ന ഇത് ഭാവിയുടെ സുന്ദരങ്ങളായ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും, കാമവെറിപൂണ്ട നരാധമാന്മാരാല്‍ അടിയറ വെക്കപ്പെട്ട ഒരു  ഒരു പെണ്‍കുട്ടിയുടെ കഥ പറയുന്നു. ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ അകതാരില്‍ കുത്തികുറിക്കപെട്ട് ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞ അനുഭവത്തിന്റെ വാതില്‍ എന്റെ മുന്നില്‍ മലര്‍ക്കെ തുറന്നിടുകയായിരുന്നു. 2001 വര്‍ഷത്തില്‍ (മാസം വ്യക്തമായി ഓര്‍മയില്ല) ദുബായില്‍ നിന്നു ജോലി ആവശ്യാര്തവും പിന്നെ വിസയുടെ ചില നൂലാ മാലകളും കാരണം ഒന്നു രണ്ടാഴ്ചത്തെക്ക് പഴയ താവളമായ മുംബൈ നഗരത്തിലെത്തി. അടച്ചിട്ടിരിക്കുകയായിരുന്ന സുഹൃത്തായ ജയറാമിന്റെ വീട്ടില്‍ താമസമാക്കി. ജോലി ആവശ്യാര്‍ത്ഥം വെറും ഒന്നു രണ്ടു എക്സ്പോര്‍ടെഴ്സിനെ കാണല്‍ മാത്രം ഉണ്ടായിരുന്നുള്ളൂ. അതാണെങ്കില്‍ വന്നു രണ്ടു ദിവസത്തിനുള്ളില്‍ തന്നെ കഴിഞ്ഞു. തിരിച്ചു പോവാന്‍ എപ്പോള്‍ വേണമെങ്കിലും വിസ ശെരിയാവും എന്ന പ്രതീക്ഷയില്‍ നാട്ടിലും പോയില്ല.

എല്ലാ ദിവസും രാവിലെ കയ്യില്‍ ഒന്നു രണ്ടു പുസ്തകങ്ങളും പിന്നെ അത്ര തന്നെ വര്‍ത്തമാന പത്രങ്ങളും പിടിച്ചു മുംബൈ നല്ലസോപാരയില്‍ നിന്നും ദിവസവും ചര്‍ച്ചു ഗൈട്ടിലെക്ക് ട്രെയിനില്‍ ‍ യാത്ര ചെയ്യും. അവിടെയിറങ്ങി വലത്തോട്ട് ഒരു 200 മീറ്റര്‍ നടന്നാല്‍ മനോഹരമായ മറൈന്‍ ഡ്രൈവിലേതും (ഇവിടത്തെ കോര്‍ണീഷ് പോലെ) രാവിലെ ഒരു പതിനൊന്നു മണിയോടെ എത്തുന്ന ഞാന്‍ കുറച്ചു നേരം അതിലൂടെ നടന്നു കാറ്റൊക്കെ കൊണ്ടു പിന്നെ ആളുകള്‍ കുറവായ ഒരു സ്ഥലത്തെത്തി മെല്ലെ പത്ര താളുകളിലും പിന്നെ ബുക്കിലേക്കും എന്റെ കണ്ണുകളെ ഞാന്‍ പൂഴ്ത്തി വെക്കും. രാവിലത്തെ സമയം ആയതിനാല്‍ അധികവും മുന്നിലൂടെ കടന്നു പോവുന്നത് വയോധികരായ ആളുകളും പിന്നെ അടുത്ത കോളേജിലെ കാമുകീ കാമുകന്മാരും ആയിരുന്നു.

അന്ന് കുറച്ചു നേരത്തെ ഒരു പത്തരയോടെ എത്തി, എന്നും ഇരിക്കാറുള്ള സ്ഥലത്ത് അന്നും ഇരുന്നു, പത്രവും നിവര്‍ത്തി വായന തുടങ്ങി. ഒരു മണിക്കൂര്‍ കഴിഞ്ഞു കാണും നിവര്‍ത്തിപ്പിടിച്ച പത്രത്തിന്റെ പുറകില്‍ നിന്നും 'സാര്‍' എന്ന വിളികേട്ടു, ഒരു സ്ത്രീ ശബ്ദം. പത്രം മെല്ലെ താഴ്ത്തി ചെറിയൊരു അമ്പരപ്പോടെയും ആകാംഷയോടെയും ആ ശബ്ദത്തിന്റെ ഉടമയെ നോക്കി. ഇരു നിറമുള്ള അല്പം ശോഷിച്ച ഒരു പെണ്ണ്, തലമുടി വൃത്തിയായി മേലേക്ക് ചീകി രണ്ടു സൈടും സ്ലെട് കൊണ്ടു പിന്‍ ചെയ്തിരിക്കുന്നു. പത്തിരുപത്തഞ്ചു വയസ്സ് പ്രായം കാണും, ഉള്ള ചെറിയ സൌന്ദര്യത്തെ വില കുറഞ്ഞ ചായങ്ങളാല്‍ അല്പം വികൃതമാക്കിയ മുഖം. സരസമായ ഹിന്ദിയില്‍ അവള്‍ മൊഴിഞ്ഞു 'अब इन दिनों मैं तुम्हें यहाँ देख रहा हूँ.  आपको  कोई काम नहीं है' (ഈയിടെയായി താങ്കളെ എല്ലാ ദിവസവും ഇവിടെ കാണാറുണ്ടല്ലോ, താങ്കള്‍ക്കു പണിയൊന്നുമില്ലേ?) ഞാനൊന്ന് ഞെട്ടി, വിശാലമായ ഭാരതത്തിന്റെ വ്യാവസായിക തലസ്ഥാനത് എന്നെയും നിരീക്ഷിച്ചു ഒരു പെണ്ണോ...? അതും അവള്‍ എന്ത് ആധികാരയാകതയിലാണ് എന്നോടിത് ചോദിക്കുന്നത്?? കുറച്ചു നേരം പകച്ചു നിന്ന എന്നോട് വീണ്ടു അവള്‍ ചോദിച്ചു, സാറിന്റെ ജോലി പോയി അല്ലെ..?   അല്പം ഭയത്തോടെ ആണെങ്കിലും ഞാന്‍ അവളെ നോക്കി ഒന്നു ചിരിച്ചു... അല്ല ചിരിക്കാന്‍ ശ്രമിച്ചു എന്ന് പറയുന്നതാവും ശെരി. പിന്നെ ചോദിച്ചു 'നീയാരാണ്..ഞാന്‍ നീ ഉദ്ദേശിക്കുന്ന ആളല്ല..' 'അല്ല സാറിനെ ഞാന്‍ രണ്ടു മൂന്നു ദിവസമായി ഇവിടെ ഒരേ സ്ഥലത്ത് കാണാന്‍ തുടങ്ങിയിട്ട്.' എനിക്ക് വീണ്ടും ഭയമായി... ഇവളെന്തിനാ എന്നേ നോട്ടമിട്ടത്..? ഞാനാനെങ്കി ഇങ്ങനെയൊരു പെണ്ണിനെ ഇവിടെ കണ്ടതായി ഓര്‍ക്കുന്നേയില്ല..ഒറ്റയ്ക്കും കൂട്ടമായും കുറെ സ്ത്രീകളും പെണ്‍കുട്ടികളും നടന്നു പോകുന്നു എന്നല്ലാതെ അവരാരും ആരെയും നോട്ടമിട്ടതായി ശ്രധിചിട്ടുമില്ല, അതും ഇവിടെ. എന്തായിരിക്കും അവളുടെ ഉദ്ദേശം...മനസ്സില്‍ ചോദ്യങ്ങളുടെ ഒരു വേലിയേറ്റം ഒന്നിന് പിറകെ ഒന്നായി കയറിയിറങ്ങാന്‍ തുടങ്ങി. ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോള്‍ അവളെത് ഗണത്തില്‍ പെടുന്നവളാണെന്ന് മനസ്സിലാക്കിയെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. ഭയം ഒന്നുകൂടി ഇരട്ടിച്ചു.  ഞാന്‍ പേപര്‍ മടക്കി പോവാനായി എഴുന്നേറ്റു... എങ്ങനെയെങ്കിലും രക്ഷപ്പെട്ട മതിയായിരുന്നു. കയ്യിലാണെങ്കി മുവ്വായിരം രൂപയുമുണ്ട്... . 'സാര്‍‍ ഞാന്‍ താങ്കളെ ശല്യപ്പെടുത്താന്‍ വന്നതല്ല, ഈയിടെ ജോലി പോയി ഒന്നു രണ്ടു പേര് ഇതേ പോലെ ഇവിടെ ഒറ്റയ്ക്ക്  വന്നിരിക്കാറുണ്ടായിരുന്നു' എനിക്ക് അരിശം അടക്കാന്‍ കഴിഞ്ഞില്ല... പിശാച് വിടാനുള്ള ഭാവമില്ല. ഞാന്‍ ദേഷ്യത്തോടെ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു 'ഞാന്‍ നീയുധേഷിക്കുന്ന ആളല്ല, എന്നെ വിട്ടേക്ക്' 'സാറെന്താ ഉദ്ദേശിച്ചത് എന്നെക്കുറിച്ച്' കേട്ടയുടനെ അവള്‍ തിരിച്ചു ചോദിച്ചു. ഞാനൊന്നും പറഞ്ഞില്ല. നടക്കാന്‍ തുടങ്ങിയ എന്നെ അവള്‍ പിന്തുടര്‍ന്നു. പിന്നെ സ്വയം പറഞ്ഞു, 'അതെ സാര്‍ ഞാന്‍ വേശ്യയാണ്, പക്ഷെ ഞാന്‍ താങ്കളെ എങ്ങോട്ടും ക്ഷണിചില്ലല്ലോ, അങ്ങനത്തെ ആളുകളെ കണ്ടാല്‍ എനിക്കറിയാം' എന്തൊരു ധൈര്യം... എന്നിലെ പേടി കൂടിക്കൂടി വന്നു. 'സാര്‍ ഞാന്‍ നാസ്ത കഴിച്ചിട്ടില്ല ഒരു പത്തു രൂപ തരുമോ..? രാവിലെ എഴുമണി മുതല്‍ ഇവിടെ നിക്കുന്നതാ ഒരു കസ്റ്റമറെയും  ഇന്നു കിട്ടിയില്ല'  ഹാവൂ രക്ഷപ്പെട്ടു... പത്തു രൂപ കൊടുത്താല്‍ ഈ ബാധ ഒഴിയുമല്ലോ.... പോക്കറ്റില്‍ കയ്യിട്ടു നോക്കി. നാശം പത്തു രൂപയില്ല, ഇരുപതിന്റെ നോട്ടാ... ഇരുപതെങ്കി ഇരുപതു. അവളുടെ കൈ എന്നെ സ്പര്‍ശിക്കാതിരിക്കാന്‍  നിവര്‍ത്തിപ്പിടിച്ച  ഇരുപതു രൂപ അവള്‍ക്കു നേരെ നീട്ടി. നോട്ടിലെക്കൊന്നു നോക്കിയ ശേഷം ശബ്ദം താഴ്ത്തി അവള്‍ പറഞ്ഞു 'വേണ്ട സാര്‍, പത്തു രൂപയുന്ടെങ്കി മതി. അല്ലെങ്കി വേണ്ട.. ' വെറുതെ കിട്ടുന്ന കാശാ ണെങ്കിലും എനിക്ക് ആവശ്യത്തില്‍ കൂടുതല്‍ വേണ്ട' എന്റെ കയ്യില്‍ പത്തിന്റെ നോട്ടില്ല എന്ന് പറഞ്ഞിട്ടും, ഇരുപതു രൂപ എടുത്തോളാന്‍ നിര്‍ബന്ധിച്ചിട്ടും അവള്‍ അത് വാങ്ങിയില്ല.  താഴ്മയോടെ നന്ദിയും പറഞ്ഞു, ക്ഷീണിച് അവശയായ ആ മുഖത്തില്‍ നിന്നും ഒരു ചെറു പുഞ്ചിരിയുതിര്‍ത്തു വന്ന വഴിക്ക് തന്നെ അവള്‍ തിരിച്ചു നടന്നു. 

.എന്തിനാണ്  അവളെന്നോട് തന്നെ പത്തു രൂപ ചോദിച്ചത്, വേറെ എത്ര പേരുണ്ട് അവിടെ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിരിക്കുന്നവര്? അതല്ല അവളെന്തെ ഇരുപതു രൂപ നിഷേധിച്ചത്, അതിന്റെ ചേതോവികാരം  എന്താണ്. എന്തായാലും അവളൊരു നാലാംകിട  വേശ്യയാണ്, ജീവിതത്തിലില്ലാത്ത  പാതിവ്രത്യം എന്തിനാ യാചിക്കാന്‍. അല്ലെങ്കി പത്തു രൂപ കൊണ്ടു  അവള്‍ക്കെന്തു  ഭക്ഷണം?  രണ്ടു വടാ പാവിനത് മതിയായിരിക്കും.  ആഹ്...ചെലപ്പോ ഇതെല്ലാം അവള്‍ടെ  ജാടയായിരിക്കും. . (തുടരും).

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ