എന്റെ മുഖവും ശരീരവും വെള്ള മുണ്ട് കൊണ്ടു പൊതിഞ്ഞിരിക്കുന്നു തലയുടെ അറ്റത്തും വയറിന്റെ മധ്യഭാഗത്തും കാലിന്റെ തലക്കലും ഓരോ കെട്ടു ഇട്ടിട്ടുണ്ട്. ആദ്യം ഒരു വലിയ കുഴി പിന്നെ അതിന്റെ മധ്യത്തിലായി എനിക്ക് കിടക്കാന്‍ മാത്രം പാകമായ രണ്ടു മുഴം ആഴമുള്ള വേറെ ഒരു കുഴി. എന്റെ മുന്‍പില്‍ നല്ല വെളിച്ചം, ആകാശം എനിക്ക് നന്നായി കാണാം. കുറെ ആളുകള്‍ മുകളില്‍ നിന്നും ദുഃഖം ഘനീഭവിച്ച മുഖത്തോടെ എന്നെ നോക്കുന്നു. ആരും ചിരിക്കുന്നില്ല. ഹൊ എന്തൊരു ചൂട്..... വീട്ടിലായിരുന്നീല്‍ എ സി യിട്ട് ശരീരം തണുപ്പിക്കാമായിരുന്നു. മനസ്സിനോക്കെ വല്ലാത്ത വിങ്ങല്‍. മുന്‍പ് വല്ലപ്പോഴും മുഖമൊന്നു കരുവാളിച്ചാല്‍ പ്രിയതമക്ക് സങ്കടമാണ്, പിന്നെ എന്റെ നെഞ്ചില്‍ വീണു മതിവരോളം ആശ്വസിപ്പിക്കും.
ചൂടുകൊണ്ട് മുഖമാകെ വിയര്‍തൊലിക്കുന്നപോലെ, ഉമ്മയെങ്ങാനും കണ്ടാല്‍, തോള്‍ മുണ്ട് കൊണ്ടു എന്റെ മുഖം വൃത്തിയാക്കി, കുടിക്കാനും കഴിക്കാനും നല്ല ഭക്ഷണം തരുമായിരുന്നു. ദുഃഖം വരുമ്പോള്‍ തോളില്‍ തട്ടി ആശ്വസിപ്പിക്കാന്‍ ഉപ്പയുണ്ടായിരുന്നു. ഇനി...ഇനി ഞാന്‍ ആ...രെ...വിളിക്കും. ശബ്ദിക്കാന്‍ പോയിട്ട്, ഒന്നു തൊണ്ടയിളക്കാന്‍ പോലും കണ്ടത്തില്‍ ഒരിറ്റു വെള്ളത്തിന്റെ നനവുപോലുമില്ല, എന്തെ എന്റെ കൈ കാലുകള്‍ വിറങ്ങലിചിരിക്കുന്നൂ. ആരോ ഒരാള്‍ എന്നെ മൂടിക്കെട്ടിയ വെളുത്ത തുണിയുടെ മൂന്നുകെട്ടുകളും അഴിച്ചു, ഇപ്പോള്‍ പൂര്‍ണമായും വെള്ള പുതപ്പുകൊണ്ട് തല മുതല്‍ കാലു വരെ പുതപ്പിച്ച പ്രതീതി. അതാ എന്റെ മുകള്‍ ഭാഗത്ത് ഓരോരോ കുരുടീസ് കല്ലുകള്‍ വെക്കുന്നു, തലഭാഗത്ത് നിന്നും തുടങ്ങി രണ്ടു, മൂന്നു, നാല്... അതാ എന്റെ കാലുകള്‍ വരെയുള്ള ഭാഗം മൂടിക്കഴിഞ്ഞു. ഇപ്പോള്‍ കുരുടീസുകള്‍ക്കിടയില്‍ നിന്നും നേരിയ വെളിച്ചം മാത്രം. കളിമണ് കൊണ്ടു ആ വിടവും ഓരോന്നായി അടക്കുന്നു. ഉറക്കെ നിലവിളിക്കാന്‍ തോന്നി....അല്ല നിലവിളിച്ചു .... പക്ഷെ .. പക്ഷെ.... ശബ്ദം പുറത്തേക്കു വന്നില്ല. കൂരാ കൂരിരുട്ടു ... കുരുടീസ് കല്ലുകള്‍ക്ക് മുകളില്‍ മണ്ണ് വീഴുന്ന ശബ്ദം, പടച്ചവനെ ഇതാണോ ഉസ്താദ് പറഞ്ഞ ആ കുഴി? ഇനിയിതാണോ എന്റെ ലോകം?? ഇവിടെയാണോ ശിഷ്ട കാലം കഴിയേണ്ടത്??? ഇനി ഞാന്‍ ആരെ അഭിമുഖീകരിക്കണം????
നിഗൂഡതയുടെ ഒരു കരിമ്പടം എന്നെ ആവരണം ചെയ്യപ്പെട്ടു. പെട്ടെന്ന് എന്നെ പുതപ്പിച്ച വെള്ളമുണ്ട് ആരോ പുറകോട്ടു വലിക്കുന്നു. എന്റെ മുകളിലുള്ള കുരുടീസ് കല്ലുകള്‍ മേലേക്ക് ഉയര്തപ്പെട്ടിരിക്കുന്നു. തലയ്ക്കു മുകളില്‍ വലതു ഭാഗത്തായി രണ്ടു ചുവന്ന കണ്ണുകള്‍ പ്രത്യക്ഷപ്പെട്ടു...!!! അത് വായ തുറന്നു പിടിച്ചിരിക്കുന്നു മുന്‍വരിയിലും താഴെയും നല്ല കൂര്‍ത്ത ദ്രംഷ്ടകള്‍.... അള്ളാ...അതിന്റെ ഉടലും ചുവപ്പാണല്ല ..പാ...മ്പ്....അതെ പാമ്പ് തന്നെ....ഇത്ര വലിയ തലയുള്ള പാമ്പോ... ഇടതു ഭാഗത്ത് നിന്നും കരി നീല കളറുള്ള എട്ടുകാലിയ പ്പോലെ തോന്നിപ്പിക്കുന്ന മറ്റൊരു ജീവി...അതിന്റെ വായില്‍ നിന്നും രണ്ടു കൂര്‍ത്ത കൊമ്പുകള്‍ എന്നിലെക്കടുക്കുന്നു..!!!!! കാലില്‍ എന്തോ വലിഞ്ഞു മുറുകുന്നു. ഒരു വ്യാളി !!! രണ്ടു കാലും വലിഞ്ഞു മുറുക്കി അതിന്റെ കൂര്‍ത്ത നഘമുള്ള കറുത്ത രോമ നിബിഡമായ കാലുകള്‍ എന്റെ മുട്ടില്‍ ശക്തിയോടെ കയറ്റി വെച്ച് കാലിന്റെ അഗ്രഭാഗം പിടിച്ചു മുന്നിലേക്ക് വളക്കാനുള്ള പുറപ്പാടിലാണ്. പാമ്പ് അതിന്റെ തല ചെറുതാക്കി എന്റെ വായിലേക്ക് കയറാനായി മുന്നോട്ടാഞ്ഞു, എവിടെ നിന്നോ പാഞ്ഞുവന്ന പതിനായിരക്കണക്കിനു കൊമ്പന്‍ തേളുകള്‍ ഒരു ഇരയെ കിട്ടിയ ആവേശത്തില്‍ എന്റെ തലയെ ആവരണം ചെയ്തു മൂകിലൂടെയും ചെവിയിലൂടെയും കണ്ണിലൂടെയും തുരന്നു കയറുന്നു..
അള്ളന്റമ്മോ.......ആര്‍ത്തു ആര്‍ത്തു വിളിച്ചു.... 'ഒന്നു അടങ്ങിക്കിടക്കട' എന്ന് പറഞ്ഞു അടുത്ത കട്ടിലില്‍ കിടന്ന ബീരാനിക്കയുടെ കയ്യിന്റെ ചൂടറിഞ്ഞപ്പോഴും കണ്ട
സ്വപ്നത്തിന്റെ ഭയ വിഹ്വലതയാല്‍ ശരീരമാസകലം വിറക്കുന്നുണ്ടായിരുന്നു..